Tuesday 26 March 2013

ഋതുക്കൾ




അദ്ധ്യായം ഒന്ന്

കറുത്തിരുണ്ട ആകാശം . വീട്ടിലെത്തും മുമ്പ് മഴ പെയ്തേക്കാം . പക്ഷെ കാത്തു നില്ക്കാൻ സമയമില്ല. ചെന്നിട്ടു വേണം വീട്ടിലെ പണികൾ തീർക്കാൻ. അമ്മയ്ക്കൊന്നിനും വയ്യ.
പാവം അമ്മ ...!
ബാബു വേഗം ക്ലാസ്സിനു പുറത്തുകടന്നു .
കൂട്ടുകാർ  താമശകൾ പറഞ്ഞു കളിച്ചു ചിരിക്കുന്നു. ഒന്നും ശ്രദ്ധിക്കാൻ തോന്നിയില്ല. എതിരെയുള്ള ക്ലാസിനു മുന്നിൽ കാത്തു നിന്ന ജെസ്സിയെയും കൂട്ടി അവൻ നടന്നു . നടക്കുന്നതിനിടയിൽ ജെസ്സി തെല്ലു പരിഭ്രമത്തോടെ തിരക്കി.
"മഴപെയ്യോ ബാവേട്ടാ...? നമുക്ക് കുടയില്ലല്ലൊ. "
"സാരമില്ല. മഴയ്ക്ക്‌ മുമ്പ് നമുക്ക് വീട്ടിലെത്താം . മോള് വേഗം നടക്ക് . "
ബാബുവിന്റെ ഒപ്പമെത്താൻ അവൾ ഓടി .
ജെസ്സി കിതക്കുന്നത് കണ്ടപ്പോൾ അവനു സഹതാപം തോന്നി . അവളുടെ പുസ്തകസഞ്ചി വാങ്ങി കയ്യിൽ പിടിച്ചു കൊണ്ട് അവൻ ചോദിച്ചു
''മടുത്തോ... ?''
അവൾ മറുപടി പറഞ്ഞില്ല .വെറുതെ  ചിരിച്ചു .
മെയിൻ റോഡിൽ നിന്നും ഇടവഴിയിലേയ്ക്ക് കയറുമ്പോൾ ജെസ്സി പറഞ്ഞു
''ജയേട്ടനെ കണ്ടില്ലല്ലോ... ''
'' അവൻ വരും നീ നടക്ക് ''
അവന്റെ വാക്കുകൾക്കും നടത്തത്തിനും വല്ലാത്തൊരു തിടുക്കം ഉണ്ടായിരുന്നു. 
അവന്റെ മനസ്സ് ഒട്ടും സ്വസ്ഥമായിരുന്നില്ല ... അകാരണമായ ഒരസ്വസ്ഥത  അവനെ വലയം ചെയ്യാൻ തുടങ്ങിയിട്ട്  കുറേനേരമായി ...
ജെസ്സി വാതോരാതെ വർത്തമാനം പറഞ്ഞു കൊണ്ട് നടന്നു.   അത് പതിവാണ് ... ക്ലാസ്സിലെ വിശേഷങ്ങൾ ഏട്ടനോട് പറയാതെ അവൾക്കു സമാധാനമുണ്ടാകില്ല.  വീട്ടിലെത്തിയാൽ അമ്മയോടും അത് ആവർത്തി ക്കും. പക്ഷെ ഇന്ന് ജെസ്സിയുടെ വാക്കുകൾ  അവന്റെ ശ്രദ്ധയിൽ തടഞ്ഞില്ല . എത്രയും വേഗം വീട്ടിലെത്തണം എന്ന വെമ്പലിലായിരുന്നവൻ .
വീടടുത്തപ്പോൾ ഒരിക്കലും ഇല്ലാത്ത ഒരു ഭയം തന്നിൽ  അരിച്ചു കയറുന്നതായി അവന്  തോന്നി .
ചാണകം മെഴുകിയ തറയിലേയ്ക്ക് കാലെടുത്തു വയ്ക്കുമ്പോൾ   ബാബു ഞെട്ടി. എന്തോ  ഇവിടെ സംഭവിച്ചിട്ടുണ്ട് . ഉത്കണ്ഠയോടെ ഉള്ളിലേയ്ക്ക് കടന്നു.
തകർന്ന കലവും ചിതറിക്കിടക്കുന്ന ചോറും... അപ്പച്ചന്റെ കൈത്തരിപ്പു തീർത്തതിന്റെ അടയാളം . ഒരു ദീർഘ നിശ്വാസം അവനിൽ ഉണ്ടായി. 
"ബാവേട്ട ... നമ്മടെ അമ്മയെന്ത്യെ .... ?"
പുറത്തിറങ്ങി അവൻ സ്വരമുയർത്തി വിളിച്ചു
'' ഈശ്വരാ ..അമ്മ  എവിടെപ്പോയിരിക്കും...?..''
എഴുന്നേറ്റു നടക്കാനുള്ള ആരോഗ്യം പോലും ഗർഭഭാരം ചുമക്കുന്ന അമ്മയ്ക്കില്ല.
ജെസ്സി കരഞ്ഞു തുടങ്ങി .
"കരയല്ലേ മോളെ  ... അമ്മ ജാന്വേട്ടത്തിയുടെ വീട്ടിലുണ്ടാകും"
അവളെ ആശ്വസിപ്പിച്ചു കൊണ്ട്  അവൻ അടുത്ത വീട്ടിലേയ്ക്കോടി ...ജെസ്സിയും അവന്റെ പുറകെയെത്തി .
മുറ്റത്തു  നിന്ന് അവൻ വിളിച്ചു
"ശങ്കരേട്ടാ ..."
ജാന്വേട്ടത്തിയാണ് പുറത്തേയ്ക്ക് വന്നത് . എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പുതന്നെ ജന്വേട്ടത്തി ധൃതിയിൽ പറഞ്ഞു .
"അപ്പച്ചൻ കുടിച്ചിട്ട് വന്ന് അമ്മയെ ഒത്തിരി തല്ലി. ശങ്കരേട്ടനും വർഗീസേട്ടനും കൂടി ആശൂത്രീലോട്ട് കൊണ്ടുപോയിട്ടുണ്ട് .
ബാബു തരിച്ചു നിന്നു.  പെട്ടെന്ന് ബോധം വീണ്ടെടുത്ത് അവൻ പറഞ്ഞു .
"ജന്വേട്ടത്തി ... ജെസ്സി ഇവിടെ നിൽക്കട്ടെ... ഞാൻ പോയിട്ട് വരാം..."
"ബാവേട്ട ... ഞാനും .... "
അവൾ പിന്നെയും കരച്ചിലിനുള്ള വട്ടമായി . 
''ഇപ്പോൾ വേണ്ട മോളെ ... ബാവേട്ടൻ   വേഗം വരാം..."
മറുപടിക്ക് കാത്തു നില്ക്കാതെ അവൻ ഇറങ്ങി നടന്നു...
പെയ്തു തുടങ്ങിയ മഴ ... തുള്ളികൾക്ക് എണ്ണവും വണ്ണവും പെരുകിപ്പെരുകി  വന്നു.
"ബാബു ... ഈ കുട കൂടി കൊണ്ടുപോ ... "
ജാന്വേട്ടത്തി  വിളിച്ചു പറഞ്ഞത് അവൻ കേട്ടില്ല .

( തുടരും....)






No comments:

Post a Comment